വാടാനപ്പിള്ളി (തൃശൂർ): വാടാനപ്പിള്ളിയിൽ വീട്ടിലും കടയിലുമായി രണ്ടിടത്ത് മോഷണം. വീട്ടിൽനിന്ന് ഡയമണ്ട് മാലയും സ്വർണ പാദസരവും വിലപിടിപ്പുള്ള വാച്ചും പണവും കവർന്നു. നിർമാണം നടന്നുകൊണ്ടിരുന്ന കാർ ഷോറൂമിൽനിന്ന് വയറിംഗ് സാമഗ്രികളാണ് കവർന്നത്.
ഗണേശമംഗലം എട്ടാംകല്ലിൽ അടഞ്ഞുകിടന്നിരുന്ന വീട് കുത്തിത്തുറന്നും വാടാനപ്പിള്ളിയിൽ ദേശീയപാത മേൽപ്പാലത്തിനു സമീപം നിർമാണം നടന്നുകൊണ്ടിരിക്കുന്ന കാർ ഷോറൂമിലുമാണ് കവർച്ച.
എട്ടാംകല്ലിൽ കഴിഞ്ഞദിവസം രാവിലെ ചന്ദനപ്പറമ്പിൽ ഹിഷാം മുസംത്തിന്റെ വീടിന്റെ പിൻവശത്തെ വാതിൽ പൊളിച്ച് അകത്തുകയറിയ നാടോടി സ്ത്രീകളായ മോഷ്ടാക്കൾ മുകളിലത്തെ നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാലു ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് മാലയും ഒരു പവന്റെ സ്വർണ പാദസരവും അടക്കമുള്ള ആഭരണങ്ങളും അലമാരയ്ക്കടുത്ത് മേശയിൽ വച്ചിരുന്ന സീക്കോ വാച്ചും പതിനായിരം രൂപയുമാണ് കവർന്നത്.
ഡോക്ടർമാരായ ഹിഷാമും ഭാര്യയും കോഴിക്കോട്ടുനിന്ന് എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഞായറാഴ്ച രാവിലെ എട്ടിനും പത്തിനും ഇടയിലാണ് മോഷണം നടന്നത്. ഈസമയത്ത് നാടോടി സ്ത്രീകൾ വന്നു പോകുന്നത് സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.